മൂവാറ്റുപുഴ: ആരക്കുഴയില്‍ മൂവാറ്റുപുഴ എംവിഐപി കനാല്‍ ഇടിഞ്ഞു തകര്‍ന്ന് പണ്ടപ്പിള്ളി – മൂവാറ്റുപുഴ റോഡില്‍ മണിക്കുറുകള്‍ ഗതാഗതം തടസപ്പെട്ടു. റോഡിന്റെ അരികിലൂടെ കടന്നു പോകുന്ന പണ്ടപ്പിള്ളി മാറാടി എംവിഐപി ഉപകനാലാണു തകര്‍ന്നത് . രണ്ടാം തവണയാണ് ഈ ഭാഗത്ത് കനാല്‍ തകരുന്നത്. പണ്ടപ്പിള്ളി ടൗണിനു സമീപം തടിമില്ലിനു മുന്നിലാണ് ഇന്നലെ വൈകിട്ട് ഏഴോടെ കനാലിന്റെ വലിയൊരു ഭാഗം കനാല്‍ ഇടിഞ്ഞു തകര്‍ന്നത്. റോഡ് തകര്‍ന്നതോടെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സും പൊലിസും സ്ഥലത്തെത്തി കനാല്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ മാറ്റി. രാത്രിയോടെ ഗതാഗതം പുനസ്ഥാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം എംവിഐപി ഉദ്യോഗസ്ഥരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കനാല്‍ തകര്‍ന്നതിന് പിന്നാലെ ഇതുവഴിയുള്ള ജലവിതരണം നിര്‍ത്തിയതിനാല്‍ അപകടത്തിന്റെ തോത് കുറക്കാനായി. റോഡില്‍ നിന്നും ഏകദേശം മുപ്പത്തടിയോളം ഉയരത്തിലുള്ള കനാല്‍ ഭാഗമാണ് ഇടിഞ്ഞ് വീണത്. റോഡിലൂടെ കാര്‍ പോയതിനു തൊട്ട് പിന്നാലെ കനാല്‍ ഇടിഞ്ഞ് എതിര് ദിശയിലെ വീടിന്റെ ഗേറ്റും തകര്‍ത്തു വീട്ടുമുറ്റത്ത് എത്തുന്നത് ഈ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
അപകടസമയം റോഡിലൂടെ വാഹനങ്ങളൊന്നും കടന്നു പോകാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കനാലിലൂടെ വെള്ളം ഒഴുക്കുന്നതിന് മുന്നോടിയായി ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനോ അടിഞ്ഞു കൂടി കിടക്കുന്ന മാലിന്യവും മണ്ണും മറ്റും നീക്കം ചെയ്യാനോ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വെള്ളം തുറന്നു വിട്ടുടനേ കനാല്‍ ഇടിഞ്ഞു തകര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നുത്.