രാജസ്ഥാനിലെ പാലിയില്‍ വന്‍ വാഹനാപകടം. തീര്‍ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര് മരിക്കുകയും 20 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. ബാബ രാംദേവിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജയ്സാല്‍മീറിലെ രാംദേവ്രയില്‍ നിന്ന് മടങ്ങുകയായിരുന്നു തീര്‍ത്ഥാടകര്‍. ഇതിനിടെ ട്രാക്ടര്‍ ട്രെയിലറും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ”രാജസ്ഥാനിലെ പാലിയിലുണ്ടായ അപകടം ദുഃഖകരമാണ്. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു”- പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.