കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ് ആട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഒരാള്‍ മരിച്ചു. ആട്ടോ ഡ്രൈവര്‍ കോലാശ്ശേരി പരേതനായ രാമചന്ദ്രന്റെ മകന് ധനേഷ് (43) ആണ് മരിച്ചത്. കോഴിക്കോട് തിരുവണ്ണൂര്‍ കുറ്റിയില്‍പടി മാനാരി ജംഗ്ഷന് സമീപത്തായിരുന്നു അപകടം നടന്നത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.ആട്ടോയിലുണ്ടായിരുന്ന മാനാരി സ്വദേശികളായ രാജന്, ഷൈജു എന്നിവര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് നിന്ന് തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആര്.ടി.സി ബസ്. ആട്ടോറിക്ഷ പെട്ടെന്ന് ‘യു’ ടേണ്‍ എടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഇതെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി ബസ് ആട്ടോയിലും പിന്നീട് സ്കൂട്ടറിലും ഇടിച്ചു. ഇടറോഡില്‍ നിന്ന് പ്രധാന നിരത്തിലേക്ക് കയറിയതായിരുന്നു സ്കൂട്ടര്‍. അപകടത്തില്‍പെട്ട സ്കൂട്ടറിലുണ്ടായിരുന്ന ദമ്പതികള്‍ നിസാര പരിക്കുളോടെ രക്ഷപ്പെട്ടു.