കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മരണസംഖ്യ ഉയര്‍ന്നു. ഇന്ന് ഒരു ദിവസം കൊണ്ട് പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. മലപ്പുറത്ത് ഒരാള്‍ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കില്‍പ്പെട്ടും, ആലപ്പുഴയിലെ പുഞ്ചയിലെ വെള്ളത്തില്‍ താറാവിന്‍പറ്റത്തെ തെളിക്കുമ്പോള്‍ ഫൈബര്‍ വള്ളം മറിഞ്ഞുമാണ് മുന്ന് മരണം നടന്നിരിക്കുന്നത്. കൂടാതെ നാലാമത്തെ മരണം ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ വീണുമാണ് ഉണ്ടായിരിക്കുന്നത്. കടലുണ്ടി പുഴയില്‍ കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം ലഭിച്ചതോെട കൂടി മരണം അഞ്ച് ആയി ഉയര്ന്നിരിക്കുന്നു്. തേഞ്ഞിപ്പാലം സ്വദേശിനി റജുലയുടെ മകന് മുഹമ്മദ് റബീഇന്റെ മൃതദേഹമാണ് നാവികസേനയുടെ സഹായത്താല്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ലഭിച്ചത്.
എന്നാല്‍ അതേ സമയം, കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പുന:സ്ഥാപിച്ചു. വേഗനിയന്ത്രണത്തോടെയായിരിക്കും ട്രെയിനുകള്‍ കടന്ന് പോകുക.ചൊവ്വാഴ്ച രാവിലെ മഴക്ക് അല്‍പ്പം ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയുന്നില്ല.
മാത്രമല്ല, പലയിടത്തും വ്യാപകമായ കൃഷിനാശത്തിനും ഇടയായിട്ടുണ്ട്. 16 വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഏകദേശ കണക്ക്. ഇതുവരെ തുറന്ന 111 ദുരിതാശ്വാസ ക്യാമ്പുകളില്‍ 22,00ത്തോളം പേരാണ് കഴിയുന്നത്. സംസ്ഥാനത്തെ ജലസംഭരണകളിലെ ജലനിരപ്പും ഉയരുകയാണ്. പല അണക്കെട്ടുകളില്‍ ജലനിരപ്പ് 70 ശതമാനം കഴിഞ്ഞു. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ജലനിരപ്പാണ് പല അണക്കെട്ടുകളിലും ഇപ്പോഴുള്ളത്.