മൂവാറ്റുപുഴ: അമിത വേഗതയിലെത്തിയ വാഹനമിടിച്ച് മൂവാറ്റുപുഴയില്‍ ഒന്നര വയസ്സുകാരിയടക്കം മൂന്നുപേര്‍ മരിച്ചു. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ വാഴക്കുളത്ത് ഇന്ന് രാവിലെയായാണ് അപകടം നടന്നത്. കൂവലി പൊടി സ്വദേശികളായ പ്രജേഷ് പോള്‍(36), അല്‍ന പ്രജേഷ് (ഒന്നര വയസ്സ്), മേരി ജോണ്‍(60) എന്നിവരാണ് മരിച്ചത്
ബ്ലൂഡാര്‍ട്ടിന്റെ പാഴ്സല്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്, സാധനങ്ങള്‍ വാങ്ങാനായി കടയിലേക്കിറങ്ങിയതായിരുന്നു മേരി. മേരിയുടെ അയല്‍വാസിയാണ് പ്രജേഷ്. നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി മൂവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവര്‍ എല്‍ദോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
മേരിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിലും പ്രജേഷിന്റെയും കുഞ്ഞിന്റെയും മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.