മൂവാറ്റുപുഴ: വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ മുന്നോട്ടുനീങ്ങുന്നതിനിടയില്‍ വാഹനത്തിനടില്പ്പെട്ട് യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാല്‍ തേവര്മടത്തില് നന്ദു (21) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടമുണ്ടായത്. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ തനിയെ മുന്നോട്ട് നീങ്ങുന്നതുകണ്ട നന്ദു വാഹനത്തിനുള്ളില്‍ കയറി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്പെടുകയും, ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയുമായിരുന്നു.
അപകടം നേരില്‍കണ്ട പ്രദേശവാസികള്‍ ചേര്‍ന്ന് ജെസിബി എത്തിച്ച് വാഹനം ഉയര്‍ത്തിയാണ് നന്ദുവിനെ പുറത്തെടുത്തത്. ഉടന്‍തന്നെ നന്ദുവിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂവാറ്റുപുഴ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്കാരം പിന്നീട്. പിതാവ്: സജി. മാതാവ്: സിന്ദു.സഹോദരന്: അനന്തു.