മുംബൈ: പുണെ-മുംബൈ എക്സ്പ്രസ്വേയില് ടാങ്കര്ലോറിയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. അതിവേഗപാതയുടെ ഖണ്ഡാല ഘാട്ട് ഭാഗത്ത് ലോണാവാലയ്ക്ക് സമീപത്തുള്ള പാലത്തിന് മുകളില്‍വെച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ചുകയറി ടാങ്കര്‍ലോറി മറിയുകയും ഡീസല്‍ടാങ്കില്‍ ചോര്‍ച്ചയുണ്ടായി തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അപകടത്തില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. കത്തിക്കൊണ്ടിരുന്ന ടാങ്കറിന്റെ ചില ഭാഗങ്ങള്‍ പാലത്തിന് താഴേക്ക് പതിച്ച് പാലത്തിനടിയില്‍ തീപടരുകയും അതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പാലത്തിന് കീഴെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പേരും ടാങ്കറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു യുവതിയ്ക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പുണെയില്‍ നിന്ന് മുംബൈയ്ക്ക് പോകുകയായിരുന്നു ടാങ്കര്‍ എന്നാണ് പ്രാഥമികവിവരം.