ഷിംല: ഹിമാചല്‍പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. കിന്നൗര്‍ ജില്ലയില്‍ ദേശീയ പാതയിലാണ് സംഭവം. നിരവധി വാഹനങ്ങളും ആളുകളും മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോർട്ട്. പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലില്‍ ബസുകളും ട്രക്കുകളും അടക്കം നിരവധി വാഹനങ്ങള്‍ അകപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ടീം എത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ പൊലീസ്, ഹോംഗാര്‍ഡ് എന്നിവരുടെ സേവനവും ലഭ്യമാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നതായി കിന്നൗര്‍ പൊലീസ് സൂപ്രണ്ട് സാജു റാം റാണ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഹിമാചല്‍ മുഖ്യമന്ത്രിയുമായി അമിത്ഷാ സംസാരിക്കുകയും ചെയ്തു.
മണ്ണിടിച്ചില്‍ ഉണ്ടായതായി ശ്രദ്ധയില്‍പെട്ടയുടന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുവാന്‍ പൊലീസിന് നിര്‍ദ്ദേശം നല്കി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് സന്ദേശം അയച്ചതായും ഒരു ബസും കാറും കുടുങ്ങിയതായിട്ടാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കിന്നൗര്‍ ജില്ലയിലെ ബസ്തേരിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ടെമ്ബോ ട്രാവലറില്‍ വലിയ പാറക്കല്ലുകള്‍ വീണ് ഒന്‍പത് വിനോദസഞ്ചാരികള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.