കൊച്ചി: മൊബൈല്‍ പൈലിങ് വാഹനമിടിച്ച് പത്ര ഏജന്റ് മരിച്ചു. പറവൂര്‍-ആലുവ റോഡില്‍ ചേന്ദമംഗലം കവലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നന്തി കുളങ്ങര കുറുപ്പംതറ കെ.വി. സോമന് (72) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ രണ്ടുനില കെട്ടിടം തകര്‍ന്നു
പടിഞ്ഞാറു ഭാഗത്തുനിന്നും വരികയായിരുന്ന പൈലിങ് വാഹനം കവലയില്‍ ഇടതു വശത്തുനിന്നും കടന്നുവന്ന കാറിലിടിച്ചു. ശേഷം നിയന്ത്രണം വിട്ട പൈലിങ് വാഹനം കിഴക്കുഭാഗത്തുനിന്നും സൈക്കിളില്‍ വരികയായിരുന്ന സോമനെ ഇടിച്ച ശേഷം വലതു വശത്തെ കെട്ടിടത്തില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ പഴക്കമേറെയുള്ള രണ്ടു നിലകളുള്ള കല്ലുങ്കല്‍ ബില്‍ഡിങ് തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ സോമന് അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകാന്‍ ചേന്ദമംഗലം റോഡിലൂടെ കവലയിലെത്തിയ കാര്‍ ഓടിച്ചിരുന്ന കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ചിറ്റേഴത്ത് മോഹന്‍കുമാറിനെ ( 20) കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ മൊബൈല്‍ പൈലിങ്ങ് വാഹനത്തില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ വാഹനത്തിന്റെ ക്യാമ്പിന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
അപകട സമയത്ത് മഴയുണ്ടായിരുന്നു. ഇടുങ്ങിയ ചേന്ദമംഗലം കവല സ്ഥിരം അപകടമേഖലയാണ്. കെ.സി. രമയാണ് സോമന്റെ ഭാര്യ. മക്കള്‍: വര്‍ഷ, മേഘ. മരുമക്കള്‍: സിബു പടിക്കല്‍ (മാലദ്വീപ്), വി.ജെ. അനീഷ് (ദുബായ്). പറവൂര്‍ ഗവ. ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തോന്ന്യകാവ് ശ്മശാനത്തില്‍ വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് സംസ്കരിക്കും.