കൂത്താട്ടുകുളം : കൂത്താട്ടുകുളം ബാപ്പുജി സ്ക്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ജോമോൻ കെ. ജിമ്മി (14)നീന്തൽ
പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. ചൊവ്വാഴ്ച അവധി ആയിരുന്നതിനാൽ രാവിലെ 10 മണിയോടെ വെള്ളം പൊങ്ങിക്കിടക്കുന്ന കുളങ്ങര കുളത്തിൽ എൻജിനീയറിംഗ് ബിരുദ വിദ്യാർത്ഥിയായ മൂത്ത സഹോദരൻ ജോർജിനോടൊപ്പം കാറിന്റെ ട്യൂബിൽ കാറ്റടിച്ച് നീന്തൽ പരിശീലനത്തിലായിരുന്നു. നീന്തൽ വശമില്ലാതിരുന്ന ജോമോൻ കാറ്റുനിറച്ച ട്യൂബിൽ പരിശിലനത്തിനിടെ വഴുതി കുളത്തിന്റെ ആഴത്തിലേക്ക് മുങ്ങി താണു. നീന്തൽ അറിയാമായിരുന്ന ജോർജ്കുട്ടി അനുജനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല നിലവിളി കേട്ട് തൊട്ടടുത്ത കുളങ്ങര കവലയിൽ നിന്നും ആളുകൾ ഓടിയെത്തി ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴവും വലിപ്പമുള്ളവലിയ കു ളമായിരുന്നതിനാൽ കണ്ടെത്താനായില്ല.
കേട്ടറിഞ്ഞെത്തിയ പിതാവ് ജിമ്മി കെ.തോമസ് ആണ് കുട്ടിയെ മുങ്ങി തപ്പിയെടുത്തത്. പിറവം ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടിയെ പുറത്തെടുത്തിരുന്നു.
15 മിനിട്ടോളം വെള്ളത്തിൽ മുങ്ങി താണ ജോമോനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ,മരണം സംഭവിച്ചിരുന്നു..
രണ്ടാമത്തെ സഹോദരൻ തോമസുകുട്ടി നേര്യമംഗലം നവോദയ സ്ക്കൂബിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.പിതാവ് കർണ്ണാടകയിലെ കോൺട്രാക്റ്ററായ കുളങ്ങരയിൽ ജിമ്മി കെ.തോമസും ഭാര്യ മിനിയും മൂന്നു കുട്ടികളുമടക്കം ഇതേ കുളത്തിന്റെ തൊട്ടടുത്തു തന്നെയാണ് താമസം. ബുധനാഴ്ച രാവിലെ 10ന് സംസ്ക്കാര ശുശ്രൂഷകൾ സ്വവസതിയിൽ ആരംഭിച്ച് മുളക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് കാർമേൽ കുന്ന് പള്ളിയിൽ സംസ്ക്കാരം നടത്തും.