മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ കാര്‍ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൂത്താട്ടുകുളം മൂവാറ്റുപുഴ എംസി റോഡില്‍ ഈസ്റ്റ് മാറാടിയില്‍ ചൊവ്വാഴ്ച വൈകിട്ട് 3ഓടെയുണ്ടായ അപകടത്തില്‍ പുളിന്താനം മംഗലംകണ്ടത്തില്‍ ലിസി സ്റ്റീഫന്‍ (61) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് എം.ജെ സ്റ്റീഫന്‍ (66)നെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴയിലെയും, തുടര്‍ന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിസിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂവാറ്റുപുഴ ഫയര്‍ഫോഴ്സും, പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കുള്‍ക്ക് വിട്ട് നല്‍കും.
അപകടത്തില്‍ മരിച്ച ലിസി പുളിന്താനം വനിതാ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, പോത്താനിക്കാട് വനിതാ സഹകരണ സംഘം മുന്‍ പ്രസിഡന്റ്, മില്‍മ എറണാകുളം മേഖല മുന്‍ ഭരണ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: അനു, ജോസ്ലിന്റ, ക്രിസ്മോള്. മരുമക്കള്‍: ലിബിന്, ഷിജോ, ക്രിസ്റ്റീന്‍