മലപ്പുറം: താനൂരിലേത് ഒരു സ്വാഭാവിക ദുരന്തമല്ല. പലരുടേയും അനാസ്ഥയും അത്യാര്‍ത്തിയുമാണ് 22 പേര് മരിക്കാനിടയായ ദുരന്തത്തില്‍ കലാശിച്ചതെന്ന് പി കെ ഫിറോസ് അഭിപ്രായപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തിയിരുന്ന ബോട്ടിനെ കുറിച്ച് പൊലീസിന് നേരത്തെ അറിയാമായിരുന്നു. രാഷ്ട്രീയ സ്വാധീനം കൂടാതെ ഇങ്ങനെയൊരു ചട്ടലംഘനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും പി കെ ഫിറോസ് ചൂണ്ടികാട്ടി.
ബോട്ട് സര്‍വ്വീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനാസ്ഥയെക്കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനും പരാതി നല്‍കിയിരുന്നു. നേരിട്ട് പരാതി ലഭിച്ചിട്ടും മന്ത്രി ഒന്നും ചെയ്തില്ലെന്നും ഫിറോസ് ആരോപിച്ചു. ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയില്‍ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.