തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ടൂറിസ്റ്റ് ബോട്ടുകള്‍ക്കും ശിക്കാര ബോട്ടുകള്‍ക്കും അനുമതി നല്‍കുന്നത് ഇന്‍ലാന്റ് വെസല്‍ ആക്ട് പ്രകാരമാണ്. ബോട്ടുകളുടെ നിര്‍മ്മാണം മുതല്‍ രജിസ്ട്രേഷന് വരെയുള്ള ഓരോ ഘട്ടവും ഈ നിയമത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബോട്ടുകളും ഓടിക്കുന്നവരുടെ പരിചയവും അടക്കമുള്ള കാര്യങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
22 മനുഷ്യ ജീവന് അപഹരിച്ച താനൂര്‍ ബോട്ട് ദുരന്തം സകല മനുഷ്യരുടെയും ഹൃദയം തകര്‍ത്ത സംഭവമാണെന്നും മന്ത്രി പറഞ്ഞു. ‘ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും ഏകോപിപ്പിച്ചും നടത്തിയ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിഷ്കൃത സമൂഹത്തിന് മാതൃകാപരമാണ്. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താനും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഈ രംഗത്തെ സാങ്കേതിക വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവും പ്രതീക്ഷാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.