മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക വീടുമായി മുസ്ലീംലീഗ്. അപകടത്തില്‍പ്പെട്ട് 11 പേര് മരിച്ച പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിക്ക് വീട് നിര്‍മ്മിച്ച് നല്‍കും. 11 പേരാണ് കുടുംബത്തില്‍ നിന്നും മരിച്ചത്. പരപ്പനങ്ങാടി പുത്തന്‍കടപുറത്തെ കുന്നുമ്മല്‍ സൈതലവിയുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തില്‍ മരിച്ച ഒമ്പത് പേര്. കൂടാതെ സഹോദരിയേയും മകളേയും അടക്കം ജീവനുകളാണ് കുടുംബത്തിന് നഷ്ടമായത്. ഈ കുടുംബത്തിനാണ് എക്കാലത്തേയും സ്വപ്നമായ വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
അപകടത്തില്‍ പിതാവും രണ്ട് സഹോദരങ്ങളും നഷ്ടപ്പെട്ട ജുനൈദ്(15), ഫാതിമ റജുവ(7) എന്നിവരുടെ തുടര്‍ വിദ്യാഭ്യാസ ചിലവുകളും മുസ്ലീംലീഗ് വഹിക്കും. ജുനൈദിന്റെ പിതാവായ കാട്ടില്‍പീടിയേക്കല്‍ സിദ്ദീഖും മറ്റു രണ്ടുമക്കളുമാണ് അപകടത്തില്‍ മരിച്ചത്. ബോട്ടപകടം ഉണ്ടാക്കിയ ദുരന്തം ബാധിച്ചവരുടെ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും ആവശ്യമായ കാര്യങ്ങള്‍ കണ്ടെത്തി സഹായം എത്തിക്കുമെന്നും ലീഗ് അറിയിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് അടിയന്തിര നേതൃയോഗം ചേര്‍ന്നു. പി കെ കുഞ്ഞാലികുട്ടി എംപി , പിഎംഎ സലാം, കെ പി എ മജീദ് എന്നിവരുള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.