ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് റെയിൽവേ. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. തൃക്കാക്കരയിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്നു ആന്റണി ജോസ് ആയിരുന്നു ഷോക്കറ്റ് മരിച്ചത്. ട്രെയിനിനു മുകളിൽ കയറിയത് ആന്റണി ജോസ് മാത്രം. ഷോക്കേറ്റ് ആന്റണി ട്രാക്കിലേക്ക് വീണു.വീഴ്ചയിൽ തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു.
സംഭവത്തിൽ ആർപിഎഫ് അന്വേഷണം നടത്തും. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.വൈദ്യുതി ലൈനിന്റെ അപകടത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും ആലോചനയുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും കൂട്ടുകാരുമെന്ന് എളമക്കര പൊലീസ് പറഞ്ഞു.കൂട്ടുകാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.