മലപ്പുറം: താനൂര്‍ അപകടത്തില്‍ ബോട്ട് ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്നസ് സര്‍വീസ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന നടത്തും.
ഒട്ടുംപുറം തൂവല്‍ തീരത്ത് ഒരു മാസം മുമ്പാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്. അമിതഭാരമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച മരണസംഖ്യ ഉയരാന്‍ കാരണമായി. ബോട്ടിന്റെ സമയക്രമവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല. എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് യാത്ര തിരിച്ചത്. ബോട്ടില്‍ എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. 40 ടിക്കറ്റുകളെങ്കില്‍ വിറ്റിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൃത്യമായി അറിയാത്തതിനാല്‍ തന്നെ ഇനി ആരെയെങ്കിലും കണ്ടെത്താനുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ബോട്ടില്‍ ലൈഫ് ജാക്കറ്റുകള്‍ അടക്കമുള്ള ക്രമീകരണങ്ങളും ഉണ്ടായിരുന്നില്ലന്നും കണ്ടെത്തിയിട്ടുണ്ട്