മലപ്പുറം: താനൂര്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ടില്‍ 40ല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ
ഒട്ടുംപുറം തൂവല്‍തീരത്താണ് അപകടമുണ്ടായത്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പുഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. ഒരു മാസം മുമ്പാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് തുടങ്ങിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായി ആദ്യഘട്ടത്തില്‍ വെളിച്ചകുറവ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
മരിച്ചവരില്‍ താനൂര്‍ ഓല പീടിക കാട്ടില്‍ പിടിയേക്കല്‍ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്ല (7), ഹുസ്ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന് അഫലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെമകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന് പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന് (37),ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, മകള്‍ അദില ഷെറി,കുന്നുമ്മല്‍ ആവായില്‍ ബീച്ചില്‍ റസീന, അര്‍ഷാന്‍ എന്നിവരെ തിരിച്ചറിഞ്ഞു.
രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് തട്ടുള്ള ബോട്ടാണ് മറിഞ്ഞത്. കണ്ടല്‍ക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. വിശദമായ തെരച്ചില്‍ നടത്തുന്നതിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കം ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിക്കും.
അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. തലകീഴായി മറിഞ്ഞ ബോട്ടിന്റെ വാതിലുകള്‍ അടഞ്ഞ് കിടന്നിരുന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. ബോട്ട് പിന്നീട് കരയ്ക്കെത്തിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അപകടത്തില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.