കോഴിക്കോട്: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസർ അറസ്റ്റിൽ. കോഴിക്കോട് നിന്നുമാണ് നാസറിനെ പൊലീസ് പിടികൂടിയയത്. അപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
ഇയാളുടെ മൊബെെൽ ഫോണും വാഹനവും പൊലീസ് കൊച്ചിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.
അപകടത്തിൽപ്പെട്ട ‘അറ്റ്ലാന്റിക്’ ബോട്ട് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് സർവ്വീസ് നടത്തിയത്. അനുവദനീയമായതിൽ കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയാണ് വിനോദ യാത്രയ്ക്ക് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ മുൻപ് പരാതി നൽകിയിരുന്നുവെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.