മഹാരാഷ്ട്രയില്‍ ട്രെയിനിടിച്ച് 14 പേര് മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇന്ന് പുലര്‍ച്ചയാണ് അപകടം നടന്നത്. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവര്‍ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് ദാരുണമായി മരിച്ചത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ടിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്നു ഇവര്‍.
യാത്രക്കിടയില്‍ തളര്‍ന്ന ഇവര്‍ ഔറാംഗാബാദിലെ കര്‍മാട് പോലീസ് സ്റ്റേഷന് പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമു ണ്ടായിരിക്കുന്നതെന്നാണ് വിവരം.