ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 9 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര് ദിശയില്‍ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അനന്തപൂര്‍- ബെല്ലാരി ഹൈവേയില്‍ വിടപനക്കല്‍ ബ്ലോക്കിലെ കടലാപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
ബെല്ലാരിയില്‍ സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടി നിര്‍വാഹക സമിതി അംഗം കോര വെങ്കിട്ടപ്പയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം അനന്തപൂരിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. അമിത വേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാറ് പൂര്‍ണമായി തകര്‍ന്നതിനാല്‍ മൃതദേഹം പുറത്തെടുക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. ട്രക്ക് ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായിയും പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഉറവകൊണ്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.