മൂവാറ്റുപുഴ : സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ പ്ലൈവുഡ് കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ടിരുന്ന മണ്ണ് കനത്ത മഴയിൽ ഇടിഞ്ഞ് വീണു. ഒഴിവായത് വന്തുരന്തം. നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പത്തോളം വീട്ടുകാർ അപകടഭീഷണിയിൽ. നിരപ്പ് വാരിക്കാട്ട് റോഡിൽ കനാൽ ബണ്ടിനു സമീപം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആണ് സംഭവം.
സ്വകാര്യ പ്ലൈവുഡ് കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തറ ലവൽ കുന്നോളം ഉയരത്തിൽ കൂട്ടിയിരുന്ന മണ്ണാണ് കനത്ത മഴയിൽ ഇടിഞ്ഞു ഇതിനു താഴ്ഭാഗം സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് ഒഴുകി എത്തിയത്. കൂറ്റൽ പാറകല്ലുകളടക്കം മണ്ണിനൊപ്പം ഒഴുകി എത്തിയതോടെ സമീപവാസികൾ ഭയന്നോടി.
നാലു വീടുകളിലേക്കും മണ്ണും ചെളിയും ഇരച്ചു കയറി. മണ്ണിനു മുകളിൽ മഴവെള്ളം തളം കെട്ടി മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെയാണ് മണ്ണും ചെളിയും വെള്ളവും വീടുകളുടെ ഉള്ളിലേക്ക് അടക്കം ഇറക്കിയത്. കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് ഉയർന്ന പ്രദേശത്താണ്. ഇതിനുതാഴ്ഭാഗത്താണ് വീടുകൾ സ്ഥിതിചെയ്യുന്നത്. വീടുകൾക്കു സമീപമാണ് അശാസ്ത്രീയമായി കുന്നോളം മണ്ണ് കൂട്ടിയത്. പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ പൊലീസും പായിപ്രപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
മുൻപ് പലവട്ടം നാട്ടുകാർ കമ്പനി ഉടമകളോട് മണ്ണു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പ ശരിയാക്കാമെന്ന് പറഞ്ഞൊഴിവാക്കുകയായിരുന്നു ഉടമകൾ. ഇവർക്കൊത്താശയവുമായി ചില നാട്ടുകാരും മണ്ണെടുത്ത് മാറ്റുന്നതും സമീപത്തെ വീടുകളുടെ സുരക്ഷ ഒരുക്കുന്നതും ഇവർ ഉപേക്ഷിച്ചു. അധികൃതർ നൽകിയ നിർദ്ദേശങ്ങളും ഉടമകൾ കാറ്റിൽ പറത്തി. സംഭവം പകലായതിനാൽ വലിയ ദുരന്തം ഒഴിവായത്. കനത്ത മഴ തുടരുകയും മണ്ണിടിച്ചിൽ രാത്രിയാവുകയും ചെയ്താൽ വലിയ അപകടത്തിന് കാരണമാകുമായിരുന്നു. സംഭവത്തിൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു.