ഇടുക്കി : യുവ കോണ്‍ഗ്രസ് നേതാവ് നിയാസ് കൂരാപ്പള്ളി (28)വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇടുക്കി ജില്ലയിലെ ഏറ്റവും ശക്തനായ കെ.എസ്.യു നേതാവിന്റെ നിര്യാണ വാര്‍ത്ത ഞെട്ടലോടെയാണ് നാടറിഞ്ഞത്.
തൊടുപുഴ – മൂവാറ്റുപുഴ റോഡില്‍ ഇന്നലെ വൈകിട്ട് നിയാസ് സഞ്ചരിച്ച സ്കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം . നിയാസിനെ ആദ്യം കോലഞ്ചേരി ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തൊടുപുഴ മങ്ങാട്ടുകവല കൂരാപ്പിള്ളില്‍ ഇസ്മയിലിന്റെ മകനാണ് .ഖദീജയാണ് മാതാവ് . നസിയ ,ബീമാ എന്നിവര്‍ സഹോദരിമാരാണ് . നിയസിന്റെ ഭൗതിക ശരീരം തൊടുപുഴ രാജീവ് ഭവനില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് പൊതുദര്‍ശനത്തിന് വയ്ക്കും .കബറടക്കം വൈകുന്നേരം അഞ്ചിന് കാരിക്കോട് നൈനാര്‍ പള്ളിയില്‍ .
കെ എസ് യു മണ്ഡലം അധ്യക്ഷനായി തുടങ്ങി ജില്ലാ പ്രസിഡന്റ് വരെയായി. എത്ര വലിയ സമര പോരാട്ടങ്ങള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്ന് നയിച്ച് അണികളെ അടികൊള്ളിക്കാതെ അതൊക്കെ സ്വയം ഏറ്റെടുത്ത നിയാസ് നിരവധി തവണ പോലീസ് മര്‍ദ്ധനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.കോണ്‍ഗ്രസ് സമരങ്ങള്‍ക്കിടെ പോലീസ് പലതവണ നിയാസിനെ വളഞ്ഞിട്ട് തല്ലിിയിട്ടുണ്ട് . അന്നൊക്കെ ഓടിമാറാന്‍ നില്‍ക്കാതെ അണികള്‍ക്കിടയില്‍ സ്വയം സംരക്ഷണ വലയം തീര്‍ത്ത് പാര്‍ട്ടിയുടെ ചാവേറായി മാറി.
മൂട്ടം പോളി ടെക്നിക്കില്‍ ചെന്ന ആദ്യനാളുകളില്‍ തന്നെ കെ.സ്.യു കാരന് ആണ് എന്ന ഒറ്റ കാരണത്തില്‍ പല സമയത്തും എസ് എഫ് ഐ ക്കാരുടെ മുഖ്യശത്രുവായിരുന്നു.ഒരിക്കല്‍ കെ.സ്.യു വിന്റെ മെമ്പര്‍ഷിപ്പ് കാര്‍ഡ് വാങ്ങി വരുന്ന വഴിയില്‍ എസ് എഫ് ഐ നിയാസില്‍ നിന്നും അത് വാങ്ങി കീറി കളഞ്ഞു.പിറ്റേദിവസം അവരുടെ മുന്നില്‍ വെച്ച് തന്നെ മെമ്പര്‍ഷിപ്പ് വിതരണം നടത്തി തിരിച്ചടിച്ചു. എതിരാളികളെ ഭയന്ന് ഇടുക്കിയിലെ ക്യാമ്പസുകളില്‍നിന്നും അപ്രത്യക്ഷമായിരുന്ന കെ.സ്.യു വിന്റെ പതാക അവിടങ്ങളില്‍ വീണ്ടും പാറിച്ചത് നിയാസായിരുന്നു .
തങ്ങള്‍ക്കൊപ്പം നേതാക്കള്‍ സഞ്ചരിക്കാതെ വന്നപ്പോള്‍ പലപ്പോഴും ആവേശം മൂത്ത് പാര്‍ട്ടിയില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി. അങ്ങനെ പലതവണ പാര്‍ട്ടിയുടെ അച്ചടക്ക നടപടികളും ഏറ്റുവാങ്ങി.
എന്നിട്ടും പാര്‍ട്ടിയോട് പിണങ്ങിപിരിയാതെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു തിരികെ വരുകയും പാര്‍ട്ടി നേത്രുത്വങ്ങളിലേയ്ക്ക് ഉയരുകയും ചെയ്തു.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസില്‍ തലമുറ മാറ്റം നടപ്പിലാക്കുന്ന പുതുകാലഘട്ടത്തില്‍ ഇടുക്കിയില്‍ കോണ്‍ഗ്രസില്‍ ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്ന യുവനേതാക്കളില്‍ ഒരാളായിരുന്നു നിയാസ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എം എം ഹസന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ .ഡീന്‍ കുര്യാക്കോസ് എന്നിവര്‍ അനുശോചിച്ചു