നവംബര്‍ ഒന്നിനു സ്കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ മാര്‍ഗരേഖ തയ്യാറാക്കാനുള്ള യോഗം നാളെ. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തിലുയരുന്ന നിര്‍ദേശം പരിഗണിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറും.
സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയിഡഡ്, അണ് എയിഡഡ് സ്കൂളുകള്‍ക്കും സിബിഎസ്ഇ, ഐ.സി.എസ്.ഇ സിലബസിലുള്ള സ്കൂളുകള്‍ക്കും ബാധകമായ പൊതു മാര്‍ഗ രേഖയായിരിക്കും തയ്യാറാക്കുക. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്കൂള്‍ തലത്തിലും തയ്യാറാക്കേണ്ടവ പ്രത്യേകമായി നിര്‍ദേശിക്കാനാണ് പദ്ധതി. ഓരോ സ്കൂളിലുമുള്ള കുട്ടികളുടെ ആകെ എണ്ണം വ്യത്യസ്തമായതിനാല്‍ എത്ര കുട്ടികള്‍ വരെ ഒരേ സമയം ഹാജരാകാം എന്നുള്ളതായിരിക്കും നിര്‍ദേശിക്കുക.
ഒരേ സമയം ഹാജരാകേണ്ടതില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളെ അപേക്ഷിച്ച് പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കാനാണ് സാധ്യത. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷകര്‍ത്താക്കള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായം തേടും.
വ്യാപക ബോധവല്‍ക്കരണമാണ് ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. യോഗത്തിന്റെ നിര്‍ദേശങ്ങള്‍ വിശദ റിപ്പോര്‍ട്ടായി സര്‍ക്കാരിനു സമര്‍പ്പിക്കും. എന്നാല്‍ സ്കൂള്‍, കോളജ് തുറക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പ്രത്യേക ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടേക്കും.