വിയ്യൂര്‍ ജയിലില്‍ സൂപ്രണ്ടിന്റെ ഓഫിസിലിരുന്നും പ്രതികള്‍ ഫോണ്‍ വിളിച്ചെന്ന് കണ്ടെത്തല്‍. സൂപ്രണ്ട് എ.ജി. സുരേഷ് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ ഒത്താശ നല്കി. ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ ഉപയോഗവും സ്ഥിരീകരിച്ചു. ആരെ വിളിച്ചെന്ന് പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന് ശുപാര്‍ശ.
ഫോണ്‍വിളി വിവാദത്തില്‍ സൂപ്രണ്ട് എ.ജി.സുരേഷിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് ഡിഐജി എം. കെ വിനോദ്കുമാര്‍, ജയില്‍ മേധാവി ഷേക് ദര്‍വേഷ് സാഹേബിനു കൈമാറി.
ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടി. പി കേസ് പ്രതി കൊടി സുനി എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം. ഒരു വര്‍ഷത്തോളം സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായിരുന്നു റഷീദ്.