എറണാകുളം: ടോക്കിയോ ഒളിപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്. ശ്രീജേഷിന് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച 5 ലക്ഷം രൂപ പാരിതോഷികം അനുവദിച്ച് സർക്കാർ ഉത്തരവായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം ശീ ജേഷിന് പാരിതോഷികം നൽകാൻ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷയിലാണ് സർക്കാർ ഉത്തരവിറങ്ങിയത്. പഞ്ചായത്തിന്റ തനത് ഫണ്ടിൽ നിന്നാണ് തുക നൽകുക.
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനമായിരുന്നു.
ഒളിംപിക് മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ കോട്ട കാത്ത ശ്രീജേഷിന് രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ഇതിനു പിന്നാലെയാണ് മലയാളികള്‍ക്ക് അഭിമാനമായ പി.ആര്. ശ്രീജേഷിന് എറണാകുളം ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ കഠിനപ്രയത്നത്തിലൂടെയാണ് ശ്രീജേഷ് ഹോക്കിയില്‍ തന്റേതായ ഇടം നേടിയത്. 2000ല്‍ ജൂനിയര്‍ നാഷണല്‍ ഹോക്കി ടീമിലെത്തിയ ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തന്റെ വഴി കണ്ടെത്തി.
പത്മശ്രീ പുരസ്കാര ജേതാവായ ശ്രീജേഷ് 2016ല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിംപിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. കളിക്കളത്തിലെ പെട്ടെന്നുള്ള ഇടപെടലുകളും സ്ഥിരതയാര്‍ന്ന പ്രകടനവും ടീമിന്റെ കോട്ടകാക്കുന്ന വിശ്വസ്തനാക്കി ശ്രീജേഷിനെ മാറ്റി. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിര്‍ണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്.
ജില്ലാ പഞ്ചായത്തിൽ തൊട്ടടുത്ത ദിവസം ശ്രീജേഷിന് സ്വീകരണം നൽകും . ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ കൂടി പങ്കടുപ്പിച്ചു കൊണ്ടാണ് സ്വീകരണം സംഘടിപ്പിക്കുക. യോഗത്തിൽ വച്ച് പാരിതോഷികം വിതരണം ചെയ്യുമെന്നും
പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.