യൂത്ത് കോണ്‍ഗ്രസ് വക്താവ് നിയമനത്തിനെതിരെ ആദ്യം പ്രതികരിച്ചത് താനാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഇവിടുത്തെ വികാരം മനസിലാക്കി നിയമനം റദ്ദാക്കണമെന്ന് അറിഞ്ഞയുടന്‍ ആവശ്യപ്പെട്ടു. നേതാക്കള്‍ പേരെഴുതിക്കൊടുത്ത് വന്ന നിയമനമല്ലെന്നും വിശദീകരണം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ ഇടപെട്ടിട്ടില്ല.
നിയമനം നടത്തിയത് പ്രത്യേക സെല്ലാണ്. തിരഞ്ഞെടുപ്പ് രീതി അറിയില്ല. ഇന്നലത്തെ നിയമനം റദ്ദാക്കിയതിലൂടെ വിവാദങ്ങള്‍ അവസാനിച്ചു. കെ സി വേണുഗോപാലിന് ഇത്തരം കാര്യങ്ങളില്‍ പങ്കുണ്ടെന്ന് പറയുന്നത് ബാലിശമാണ്. നേതാക്കളുടെ മകനായത് കൊണ്ട് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക വിവാദമായിരുന്നു. അര്ജുന് രാധാകൃഷ്ണന് പുറമേ ആതിര രാജേന്ദ്രന്, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരായിരുന്നു വക്താക്കള്‍. പുതിയ അഞ്ചു വക്താക്കളില്‍ നാലു പേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ അറിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.
അര്ജുന് രാധാകൃഷ്ണന് സംഘടന പരിചയമില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. സംഭവം വിവാദമായതോടെ പട്ടിക മരവിപ്പിക്കുകയായിരുന്നു.