തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദത്തില്‍ ചെയര്പേഴ്സന് അജിതാ തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ട്രേറ്റിന്റെ അനുമതി തേടി.
വിജിലന്‍സ് ഡയറക്ട്രേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇതുവരെ നടത്തിയ അന്വേഷണം ക്വിക്ക് വേരിഫിക്കേഷന് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെന്നും തുടരന്വേഷണം വേണമെന്നും ക്യു.വി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെയര്‍പേഴ്സണെതിരായ കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
അന്വേഷണത്തിനായി വിജിലന്‍ലസ് സംഘം കഴിഞ്ഞ ദിവസം നഗരസഭ ഓഫിസിലെത്തിയിരുന്നു. ചെയര്‍പേഴ്സന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയര്പേഴ്സന് അജിത തങ്കപ്പന് പുറത്ത് പോയി. വിജിലന്‍സ് സംഘം പുലര്‍ച്ചെ 3 വരെ നഗര സഭയില്‍ തുടര്‍ന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നല്കാന് തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് വിജിലന്‍സ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടിസ് നല്‍കിയത്. പണക്കിഴി വിവാദത്തിലെ നിര്‍ണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് ചെയര്‍പേഴ്സന്റെ ഓഫിസ് സീല്‍ ചെയ്തിരുന്നു. വിജിലന്‍സ് ആവശ്യ പ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി. ചെയര്‍പേഴ്സന്റെ മുറിയില്‍ സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി.