സംസ്ഥാനത്ത് കോണ്‍ഗ്രസ് ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്ത്. ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നില്ലെന്ന ആരോപണം തള്ളി വി.ഡി. സതീശന്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വി.ഡി. സതീശന് വ്യക്തമാക്കി.
രണ്ട് റൗണ്ട് വീതം ഉമ്മന്‍ചാണ്ടിയുമായും ചെന്നിത്തലയുമായും ചര്‍ച്ച നടത്തി. എല്ലാവരേയും തൃപ്തിപ്പെടുത്തി പട്ടിക പുറത്തിറക്കാന്‍ സാധ്യമല്ല. ഇത്രയും വിശദമായ ചര്‍ച്ച നടത്തിയത് ആദ്യമായാണ്. ഞാനും സുധാകരനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിയിറക്കിയത്. മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. 14 പേരെ പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യ പ്രതികരണത്തിന് മുതിരരുതായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ വിമര്‍ശനം നടത്താന്‍ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കെ.പി. അനില്‍ കുമാറിന്റെ വിമര്‍ശനം കടുത്ത അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി. പുനസംഘടനയില്‍ വനിതകള്‍ക്ക് മികച്ച പരിഗണന നല്‍കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്കി.
പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടി കൊണ്ട് പോകുക അത് ശരിയല്ല. ഡി.സി.സി. പുനഃസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ. സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യു.ഡി.എഫി.നെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമം ആണെന്നും വി.ഡി. സതീശന് മാധ്യമങ്ങളോട് പറഞ്ഞു.