അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന് പിടിച്ചടക്കിയതിനു പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ആശങ്കകളുയരുന്നു. അഫ്ഗാന് ദേശീയ വനിതാ ടീമിലെ മുന്‍ അംഗമായ ഖാലിത പോപ്പലും തന്റെ ആശങ്ക പങ്കുവച്ചു. രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് ശ്രമിച്ചു എന്നും ഇപ്പോള്‍ അവരോട് അപ്രത്യക്ഷരാവാന്‍ പറയേണ്ടി വരുന്നത് ഹൃദയം തകര്‍ക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനു നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘അവരോട് സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും ചിത്രങ്ങളും നീക്കം ചെയ്യാനും രക്ഷപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിരിക്കാനും എനിക്ക് പറയേണ്ടി വരുന്നു. അതെന്റെ ഹൃദയം തകര്‍ക്കുകയാണ്. ഈ വര്‍ഷങ്ങളിലെല്ലാം പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ നിശബ്ദരായി അപ്രത്യക്ഷരാവാന്‍ ഞാന്‍ അവരോട് പറയുകയാണ്. അവരുടെ ജീവിതം അപകടത്തിലാണ്.”- 34കാരിയായ താരം ഡെന്മാര്ക്കില് നിന്ന് എപിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
1996ല്‍ താലിബാന് കാബൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ കുടുംബത്തോടൊപ്പം രാജ്യം വിട്ട താരമാണ് പോപ്പല്‍. പാകിസ്താനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയായിരുന്ന താരം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഫ്ഗാനിലേക്ക് തിരികെ എത്തിയതാണ്. ”അടുത്ത തലമുറയിലെ സ്ത്രീ പുരുഷന്മാര്ക്ക് വേണ്ടി ഈ രാജ്യത്തെ പോഷിപ്പിക്കാമെന്ന് ഞങ്ങളുടെ തലമുറ ആഗ്രഹിച്ചിരുന്നു. അതിനാല്‍ മറ്റ് യുവതികള്‍ക്കൊപ്പം ചേര്‍ന്ന് ഫുട്ബോളിലൂടെ അവരെ പ്രചോദിപ്പിക്കാന്‍ ഞാന്‍ ആരംഭിച്ചു.
2007ല്‍ ഒരു ടീം ആരംഭിക്കാനുള്ള മുഴുവന്‍ താരങ്ങളെയും ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ജഴ്സി ധരിക്കുന്നത് ഞങ്ങള്‍ക്ക് അഭിമാനമായിരുന്നു. താലിബാനെതിരെ ടെലിവിഷനില്‍ സംസാരിച്ചതിന് എനിക്കെതിരെ നിരവധി വധ ഭീഷണികള്‍ ലഭിച്ചു. എന്റെ ജീവിതം അപകടത്തിലായിരുന്നു. ഒടുവില്‍, 2016ല്‍ എനിക്ക് അഫ്ഗാന് വിട്ട് ഡെന്മാര്ക്കിലേക്ക് കുടിയേറേണ്ടി വന്നു.”- പോപ്പല്‍ പറഞ്ഞു.
”ടീം അംഗങ്ങള്‍ കരയുകയാണ്. അവര്‍ സങ്കടത്തിലാണ്. അവര്‍ക്ക് ഒട്ടേറെ ചോദ്യങ്ങളുണ്ട്. അവര്‍ ഒളിച്ചിരിക്കുകയാണ്. അവരില്‍ അധിക പേരും സ്വന്തം വീട് വിട്ട് ബന്ധുക്കളുടെ വീട്ടിലെത്തി ഒളിച്ചിരിക്കുകയാണ്. കാരണം അയല്‍ വാസികള്‍ക്ക് അവര്‍ ഫുട്ബോള്‍ താരങ്ങളാണെന്ന് അറിയാം.
താലിബാന് എല്ലായിടത്തുമുണ്ട്. അവര്‍ എല്ലാവരെയും ഭയപ്പെടുത്തുകയാണ്. അവര്‍ ജനാലയിലൂടെ പുറത്തുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. താലിബാന് തീവ്രവാദികള്‍ വീടിനു പുറത്ത് നില്‍ക്കുകയാണ്.”- പോപ്പല്‍ പറയുന്നു.