കേരള ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര് പിടിയില്‍. മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ അടക്കം രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇവരെ കേരളത്തില്‍ നിന്ന് തന്നെയാണ് പിടികൂടിയിരിക്കുന്നതെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള സംഘമാണോ തട്ടിപ്പിന് പിന്നിലെന്ന കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. പ്രതികളുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ് പൊലീസ് പേര് വിവരങ്ങള്‍ പുറത്ത് വിടാത്തത്.
കേരളാ ബാങ്കിന്റെ തിരുവനന്തപുരം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലെ എടിഎമ്മുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരുന്നത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 2.66 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ കിഴക്കേക്കോട്ട, നെടുമങ്ങാട് എടിഎമ്മുകളില്‍ നിന്നായിരുന്നു. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.