തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ടിപിആര്‍ മാത്രം നോക്കിയുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി. ഇനിമുതല്‍ രോഗികളുടെ എണ്ണം നോക്കിയായിരിക്കും ലോക്ക്ഡൗണ്‍. പ്രദേശത്തെ ജനസംഖ്യയില്‍ ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നതനുസരിച്ചായിരിക്കും ഇനി നിയന്ത്രണങ്ങള്‍ ക്രമപ്പെടുത്തുക.
ഒരാഴ്ച 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗബാധ ഉണ്ടായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. അതല്ലാത്ത ഇടങ്ങളില്‍ ഞായറാഴ്ച മാത്രമാകും ഇനി ലോക്ക്ഡൗണ്‍ ഉണ്ടാകുക. അതേസമയം, ആള്‍ക്കൂട്ട നിരോധനം തുടരും.
ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി ആയിരിക്കും ആളുകളെ ഉള്‍ക്കൊള്ളിക്കുന്നത്. വിസ്തീര്‍ണമുള്ള വലിയ ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പ്പതുപേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ഓണത്തിൻ്റെ തിരക്ക് കണക്കിലെടുത്ത് 22ാം തിയതി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും. രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതുമണിവരെ ആയിരിക്കും കടകളുടെ പ്രവര്‍ത്തന സമയം.