മൂവാറ്റുപുഴ: അന്തര്‍ദേശീയ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ പ്രവേശന കവാടമായ മൂവാറ്റുപുഴ നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. നഗരസഭ കൗണ്‍സിലും പ്രമുഖ പരിസ്ഥിതി കൂട്ടായ്മയായ പണ്ടപ്പിളളി ട്രീ യും (ടീം ഫോര്‍ റൂറല്‍ ഇക്കോളജിക്കല്‍ ഇക്യൂ ലീബ്രിയം) വും സംയുക്തമായാണ് നഗര സൗന്ദര്യവത്ക്കരണം യാഥാര്‍ഥ്യമാകുന്നത്.
സംസ്ഥാനത്തെ തന്നെ മാതൃക നഗരമാക്കി മൂവാറ്റുപുഴയെ മാറ്റുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്മാന് പി.പി.എല്‍ദോസും ട്രീ കോ ഓര്‍ഡിനേറ്റര്‍ അഡ്വ ദീപു ജേക്കബും അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രധാന വിനോദ് സഞ്ചാര കേന്ദ്രങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന ആയിരങ്ങളുടെ ഇടത്താവളം കൂടിയാണ് മുവാറ്റുപുഴ നഗരം. അതുകൊണ്ടുതന്നെ നഗരത്തിലെത്തുന്നവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.
നഗരസഭയുടെ മേല്‍നോട്ടത്തില്‍ ട്രീ യാണ് പൂര്‍ണ്ണമായും പദ്ധതി സൗജന്യമായി നടപ്പാക്കുന്നത്. പൊതുമരാമത്ത്, പോലീസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും ഉണ്ടാകും. ആദ്യഘട്ടമെന്ന നിലയില്‍ നഗരത്തിലെ മുഴുവന്‍ മീഡിയനുകളിലും പുല്‍ത്തകിടികളും ചെടികളും വച്ച് പിടിപ്പിക്കും. ലോകോത്തര ശ്രദ്ധ നേടിയിട്ടുള്ള മെക്സിക്കന്‍ ഗ്രാസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി മീഡിയനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തും. തകര്‍ന്നുകിടക്കുന്ന കമ്പിവേലികള്‍ നീക്കം ചെയ്യും. മീഡിയനിലെ മണ്ണ് നീക്കംചെയ്തു പുല്ലു വളരുന്നതിന് അനുയോജ്യമായത് പുനസ്ഥാപിക്കും.
നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതും കാല്‍നട കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന തുമായ കേബിളുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ നീക്കംചെയ്യും. അനധികൃതമായി മീഡിയനിലും വൃക്ഷങ്ങളിലും സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ പരസ്യബോര്‍ഡുകളും ഒഴിവാക്കും. പദ്ധതിയുടെ ഭാഗമായി മര്‍ച്ചന്റ് അസോസിയേഷന് നേതൃത്വത്തില്‍ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും പൂച്ചെടികള്‍ നട്ടുവളര്‍ത്തി മനോഹരമാക്കുമെന്നും അസോസിയേഷന് ഓഫീസ് പരിസരം മനോഹരം ആക്കുമെന്നും പ്രസിഡന്റ് അജ്മല്‍ ചക്കുങ്കല്‍ അറിയിച്ചിട്ടുണ്ടെന്ന് ചെയര്മാന് വ്യക്തമാക്കി.
അഞ്ചുവര്‍ഷത്തേക്ക് പദ്ധതിയുടെ പരിപാലനവും ട്രീ സൗജന്യമായി ഉറപ്പാക്കും. മുന്‍പ് 2013ലും ട്രീ നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.