കോയമ്പത്തൂര്‍: പൊതു വീഥിയില്‍ നിരന്തരം ഹോണ്‍ മുഴക്കിയത്തിന് ശാസിച്ച വൃദ്ധനെ യുവാവ് തല്ലികൊന്നു. കോയമ്പത്തൂരിലെ പൊടന്നൂര്‍ സ്വദേശിയായ പൊന്നുസാമിയാണ് കൊല്ലപ്പെട്ടത്. 72കാരനായ പൊന്നുസാമിയുടെ അയല്‍ക്കാരൻ്റെ മരുമകന് കൂടിയായ ശിവയെ ആണ് പൊലീസ് അന്വേഷിക്കുന്നത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരിലെ വെള്ളലൂര്‍ റോഡില്‍ നടക്കാനിറങ്ങിയ പൊന്നുസാമി നിരന്തരമായി ഹോണ്‍ അടിച്ചുകൊണ്ട് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ശിവയെ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
പൊതുസ്ഥലത്ത് വച്ച് ദേഷ്യത്തിൽ പെരുമാറിയത് ഇഷ്ടപ്പെടാത്ത ശിവ പൊന്നുസാമിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അദ്ദേഹത്തെ തല്ലുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. സംഭവത്തിനു ശേഷം പൊന്നുസാമിയുടെ മകന് മരുധച്ചെല്ലം സ്ഥലത്ത് എത്തുകയും വൃദ്ധനെ ആശുപത്രിയിലാക്കുകയുമായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ പൊന്നുസാമി മരണമടഞ്ഞു. മകന് മരുധച്ചെല്ലത്തിൻ്റെ മൊഴിയില്‍ ശിവയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത്.