ലക്നൗ: പൂജാ സമയത്ത് ജീന്‍സ് ധരിച്ചത്തിന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ സാവ്റേജി ഗാര്‍ഗ് എന്ന ഗ്രാമത്തിലായിരുന്നു സംഭവം. മുത്തച്ഛൻ്റെയും അമ്മാവന്മാരുടെയും അടിയേറ്റ പതിനേഴുകാരിയായ നേഹ പസ്വാന് ബോധം കെട്ടുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാനായി പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിയ ഇവര്‍ നേഹയെ അടുത്തുളള പാലത്തില്‍ ഉപേക്ഷിക്കുകയും തുടർന്ന് ഇവിടെ വച്ച് കുട്ടി മരിക്കുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് നേഹയുടെ അമ്മ ശകുന്തള പറഞ്ഞത് ഇങ്ങനെ. കുടുംബത്തിലെ വ്രതാനുഷ്ഠാനത്തിൻ്റെ ഭാഗമായി പൂജയുണ്ടായിരുന്നു. ഈ സമയം പെണ്‍കുട്ടി ജീന്‍സ് ധരിച്ചെത്തി. ഇതില്‍ ദേഷ്യപ്പെട്ട ബന്ധുക്കള്‍ ജീന്‍സ് മാറ്റാനാവശ്യപ്പെട്ടു. എന്നാല്‍ കുട്ടി തയ്യാറായില്ല. ദേഷ്യം തോന്നിയ അവര്‍ വടികൊണ്ട് കുട്ടിയെ അടിച്ച് ബോധം കെടുത്തി. പിന്നെ ആശുപത്രിയില്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കുട്ടിയെയും കൊണ്ട് പോയി. എന്നാല്‍ ആശുപത്രികളില്‍ അന്വേഷിച്ചപ്പോള്‍ നേഹ അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞു. തുടര്‍ന്നാണ് ഗാണ്ഡക് നദിയുടെ കുറുകെയുളള പാലത്തില്‍ കുട്ടിയുടെ ശരീരം തലകീഴായി തൂങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.
സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛനെയും മറ്റ് ബന്ധുക്കളെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.