രാജസ്ഥാൻ: സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത കൃഷി ചെയ്തു ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന മാതാപിതാക്കൾ. 5 പെണ്മക്കാളും അച്ഛനും അമ്മയും അടങ്ങുന്ന സാധാരണ ഒരു കർഷ കുടുംബമാണ് രാജസ്ഥാനിലെ സഹദേവിൻ്റെ വീട്. എന്നാൽ ഇപ്പോൾ ആ വീട് രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. സഹദേവിൻ്റെ അഞ്ചു പെൺമക്കളും സിവിൽ സർവീസ് എന്ന വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ ഹനുമാൻഘർ എന്ന സ്ഥലത്താണ് ഈ കുടുംബം താമസിക്കുന്നത്. അനശു, രീതു, സുമൻ എന്നിവർ ആണ് അടുത്തിടെ സിവിൽ സർവീസ് നേടിയത്. മറ്റു രണ്ടുപേർ ഇതിന് മുമ്പ് തന്നെ ആ നേട്ടം കൈവരിക്കുകയും രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരികയുമാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റു മൂന്നു സഹോദരിമാരും ഒരേ വർഷത്തിൽ തന്നെ സിവിൽസർവീസ് കരസ്ഥമാക്കിയത്.
സ്കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത അച്ഛനും അമ്മയും വിദ്യാഭ്യാസത്തിൻറെ വില എന്താണെന്ന് കൃത്യമായി മനസ്സിലാക്കുകയും 5 പെൺ മക്കളെയും വളരെ മികച്ച രീതിയിൽ പഠിപ്പിക്കുകയായിരുന്നു. ഇന്ന് അവർ അച്ഛൻറെയും അമ്മയുടെയും മാത്രമല്ല ഒരു സംസ്ഥാനത്തിൻ്റെ മുഴുവൻ അഭിമാനമായി വളർന്നു നിൽക്കുന്നു.
ധാരാളം ആളുകൾ ആണ് ഇവർക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പെൺകുട്ടികൾക്ക് ഏറെ വിവേചനം നിലനിൽക്കുന്ന നാടാണ് രാജസ്ഥാൻ. പെൺ ഭ്രൂണഹത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം. ഇവിടെയുള്ള പെൺകുട്ടികളെ വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ച് അയക്കുന്നതാണ് പതിവ്. സ്ത്രീകളുടെ സാക്ഷരത നിരക്കും ഇവിടെ വളരെ കുറവാണ്. അതുകൊണ്ടുതന്നെ രാജസ്ഥാൻ പോലെ ഒരു സംസ്ഥാനത്തു നിന്നും പെൺകുട്ടികൾ മികച്ച വിജയം നേടിയത് രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്.