മൂവാറ്റുപുഴ: നിയന്ത്രണംവിട്ട ബൈക്ക് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചുകയറി ബസും ബൈക്കും കത്തി നശിച്ചു. ബൈക്കിന്റെ ടാങ്കില്‍നിന്ന് പെട്രോള്‍ ഒഴുകി ബൈക്കില്‍നിന്ന് തീ പടര്‍ന്നാണ് ബസ് കത്തി നശിച്ചത്. ബൈക്ക് യാത്രക്കാരനായ കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാവില പുത്തന്‍വീട്ടില്‍ അനൂപ് (18) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ ഉന്നകുപ്പയ്ക്കും മാറാടി പള്ളിപ്പടിക്കുമിടയില് ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. തൃശൂരില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിനടയിലേക്ക് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ബ്രേക്ക് ചെയ്തെങ്കിലും ബസ് നിന്നില്ല. ഇടിയുടെ ആഘാതത്തില്‍ 50 മീറ്ററോളം ദുരം ബസ് ബൈക്കുമായി റോഡിലൂടെ ഉരഞ്ഞുനീക്കി. തീ പടര്‍ന്ന് ബസിന്റെ മുന്‍ഭാഗം കത്തി. ഇതോടെ ബസിലുണ്ടായിരുന്ന 44ഓളം യാത്രക്കാര്‍ വിവിധ ഭാഗങ്ങളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. ബസിനടിയിലേക്ക് തെറിച്ചുവീണ യുവാവിനെ നാട്ടുകാര്‍ പുറത്തെടുത്ത് മൂവാറ്റുപുഴയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാറിനെ മറികടന്ന് രണ്ട് ബൈക്കുകള്‍ ആദ്യം കടന്നുപോയിരുന്നു. തൊട്ടുപിന്നാലെയാണ് അപകടത്തില്‍പ്പെട്ട ബൈക്ക് കടന്നുവന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് തീയണച്ചത്.