മാരക്കാന: ഈ സുപ്രഭാതത്തില്‍ ലോക ഫുട്ബോള്‍ ഭ്രാന്തന്മാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലിയോണല്‍ മെസിയുടെ അര്‍ജന്റീന കോപ്പ കപ്പില്‍ മുത്തമിട്ടു. ആദ്യപകുതിയില്‍ 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയിലൂടെയാണ് ബ്രസീലിയന്‍ ഗോള്‍വലയം ചലിപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ അര്‍ജന്റീന കിരീടം നേടിയത്. 1993ന് ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ഒരു പ്രധാന കിരീടം നേടുന്നത്.
മൈതാന മധ്യത്തുനിന്ന് ബ്രസീലിയന്‍ പ്രതിരോധത്തെ കാഴ്ചക്കാരനാക്കി ഡി പോള്‍ നല്കിയ ലോംഗ് പാസ് ഫസ്റ്റ് ടച്ചില്‍ മനോഹരമായി സ്വീകരിച്ച ഡി മരിയ എഡേഴ്സണിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കിയതോടെ അര്‍ജന്റീന 1-0ന് മുന്നിലെത്തുകയായിരുന്നു. മരിയയിലെത്തും മുമ്പ് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ലോദിക്ക് പിഴച്ചതാണ് കാനറികള്‍ക്ക് തിരിച്ചടിയായത്.
സ്വപ്ന ഫൈനലില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. റിച്ചാര്‍ലിസണെയും നെയ്മറെയും എവര്‍ട്ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂക്കാസ് പക്വേറ്റയും മധ്യനിരയില്‍. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ നായകന് തിയാഗോ സില്‍വയ്ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്സണായിരുന്നു ഗോള്‍ബാറിന് കീഴെ ഗ്ലൗസണിഞ്ഞത്.
അതേസമയം 4-4-2 ശൈലിയാണ് കളത്തില്‍ സ്കലോണി സ്വീകരിച്ചത്. സ്ട്രൈക്കര്‍മാരായി ലിയോണല്‍ മെസിയും ലൗറ്ററോ മാര്‍ട്ടിനസും ബൂട്ടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു. പ്രതിരോധക്കോട്ടയില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ഗോണ്‍സാലോ മോണ്ടിയേലും മാര്‍ക്കോസ് അക്യൂനയും സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. സെമി ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ.
സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്കലോണിയുടെ തന്ത്രങ്ങള്‍ക്ക് 22-ാം മിനുറ്റില്‍ സന്തോഷപ്പുഞ്ചിരി കണ്ടു. 29-ാം മിനുറ്റില്‍ മരിയ-മെസി സഖ്യം തുടക്കമിട്ട നീക്കം ബ്രസീല്‍ പ്രതിരോധം നിര്‍വീര്യമാക്കി. ഫ്രഡിന് പകരം ഫിര്‍മിനോയെ ഇറക്കിയാണ് രണ്ടാം പകുതി ബ്രസീല്‍ തുടങ്ങിയത്. 53-ാം മിനുറ്റില്‍ റിച്ചാര്ലിസണ് വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് ഫ്ലാഗുയര്‍ന്നു. തൊട്ടുപിന്നാലെ റിച്ചാര്ലിസണ് മറ്റൊരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അര്‍ജന്റൈന്‍ ഗോളി മാര്‍ട്ടിനസ് രക്ഷകനായി. 62-ാം മിനുറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച ഫ്രീകിക്ക് മെസിക്ക് ഗോളിലേക്ക് വഴിതുറക്കാനായില്ല. കളി കാര്യമായതോടെ തുടരെ മഞ്ഞക്കാര്‍ഡുകളും മാരക്കാന വച്ചുനീട്ടി.
ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ രണ്ടാംപകുതിയില്‍ ബ്രസീല്‍ ഏറെ മാറ്റം വരുത്തിയെങ്കിലും മാരക്കാനയില്‍ ഗോള്‍മഴ മാറിനിന്നു. അതേസമയം അര്‍ജന്റീന കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 83-ാം മിനുറ്റില്‍ ബാര്‍ബോസ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും കോര്‍ണറില്‍ അവസാനിച്ചു. ഒരു മിനുറ്റിന്റെ ഇടവേളയില്‍ കിട്ടിയ കോര്‍ണറും ബ്രസീല്‍ മുതലാക്കാന്‍ മറന്നു. 87-ാം മിനുറ്റില്‍ ബാര്‍ബോസയുടെ വോളി മാര്‍ട്ടിനസ് രക്ഷിച്ചു. 89-ാം മിനുറ്റില്‍ ഓപ്പണ്‍ ചാന്‍സ് മെസി പാഴാക്കുന്നതിന് മാരക്കാന മൂക സാക്ഷിയായി.