മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ രൂപീകരിച്ച എന്‍.സി.കെ പിളര്‍ന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുളളവര്‍ എന്‍.സി.കെ വിട്ടു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിച്ചാണ് പാര്‍ട്ടി വിടാനുളള തീരുമാനം.
നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍.സി.പിയുമായി വിയോജിച്ച് മാണി സി. കാപ്പനൊപ്പം ചേര്‍ന്ന് രൂപീകരിച്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയിലെ പ്രധാന നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബാബു കാര്ത്തികേയന്, വൈസ് പ്രസിഡന്റ് പി. ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി ദേവദാസ്, നാഷണലിസ്റ്റ് മഹിള കോണ്കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരാണ് പാര്‍ട്ടി വിടുന്നതായി വ്യക്തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മാണി സി. കാപ്പന് മുംബൈയിലെത്തി എന്‍.സി.പി നേതാക്കളെ കണ്ടതും യു.ഡി.എഫിനെതിരെ പ്രസ്താവന ഇറക്കിയതുമെല്ലാം പാര്‍ട്ടിയുമായി ആലോചിക്കാതെ എന്നാണ് ആക്ഷേപം. എന്‍.സി.കെ ബന്ധം ഉപേക്ഷിച്ചതോടെ ഇനി ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന് കൂട്ടായി തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.