രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോള്‍ ലിറ്ററിന് ഒരു രൂപ 53 പൈസയും, ഡീസലിന് ഒരു രൂപ 28 പൈസയുമാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 56 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 68 പൈസയായി. തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോൾ വില നൂറ് കടന്നിരുന്നു. പെട്രോള്‍ ലിറ്ററിന് 100 രൂപ 44 പൈസയും, ഡീസലിന് 95 രൂപ 45 പൈസയാണ് ഇന്നത്തെ വില.
ആറ് മാസത്തിനിടെ രാജ്യത്ത് 57 തവണയാണ് ഇന്ധനവില കൂട്ടിയത്. ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 15 തവണയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില ആദ്യമായി നൂറ് കടന്നത്. പെട്രോളിന് പിന്നാലെ ചില സംസ്ഥാനങ്ങളില്‍ ഡീസല്‍ വിലയും നൂറ് കടന്നു. രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആണ് ഡീസലിന് നൂറ് രൂപ കടന്നത്.