ഡിസിസി പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് നീക്കങ്ങള്‍ സജീവം. എ,ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ സുധാകരന് ബ്രിഗേഡും കെ മുരളീധരന്, കെസി വേണുഗോപാല്‍, വിഡി സതീശന് അനുകൂലികളും ജില്ലാ കമ്മിറ്റികള്‍ പിടിക്കാനുളള കരുനീക്കങ്ങളിലാണ്. ജില്ലാടിസ്ഥാനത്തിലും പ്രാദേശിക തലങ്ങളിലും പരമാവധി പ്രവര്‍ത്തകരെ ഒപ്പം കൂട്ടാനുളള ശ്രമത്തിലാണ് ഗ്രൂപ്പുകളും ഗ്രൂപ്പിനതീതരെന്ന് വിശേഷിപ്പിക്കുന്നവരുമെന്നും വിവരം.
പ്രതിപക്ഷ നേതാവ്, കെ.പി.സി.സി അധ്യക്ഷന്‍ എന്നിവരുടെ നിയമനങ്ങളിലെ ഗ്രൂപ്പുകളുടെ അസംതൃപ്തി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. കെ. സുധാകരന് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്കായി ഇന്ന് കേരളത്തിലെത്തുന്ന എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരീഖ് അന്‍വര്‍ ഗ്രൂപ്പ് നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും പട്ടിക തയാറാക്കലിലേക്കും ചര്‍ച്ചകള്‍ നീളും.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള കെ.സുധാകരന്റെ വരവോടെ ഇടഞ്ഞു നില്ക്കുന്ന ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനുയിപ്പിക്കുകയാണ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. കെ. സുധാകരനുമായി ഒത്തു പോകണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.സി.സി.സി ജനറല്‍സെക്രട്ടറി താരീഖ് അന്‍വര്‍ ഇരുനേതാക്കളോടും നേരിട്ട് ആവശ്യപ്പെടും.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിക്കാതിരുന്ന ഉമ്മന്‍ചാണ്ടിയും രമേശും ആരെ നിയമിച്ചാലും അംഗീകരിക്കുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍, അത് അധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തില്‍ മാത്രമായിരുന്നുവെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ നിലപാട്.
സുധാകരനൊപ്പം മൂന്നുവര്ക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്ന കാര്യം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അറിയിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിരുന്നില്ലെന്നും പരാതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡിന്റെ അനുനുയ നീക്കം. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പട്ടിക തയാറാകുന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും.
ജംബോ കമ്മിറ്റികളെ തുടച്ചുനീക്കി പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ജനറല്‍സെക്രട്ടറിമാരും സെക്രട്ടറിമാരും നിര്‍വാഹകസമിതി അംഗങ്ങളും ഉള്‍പ്പെടെ 51 പേര് മാത്രമുള്ള സമിതിയാണ് മനസിലുള്ളതെന്ന് കെ.സുധാകരന് നയം വ്യക്തമാക്കിക്കഴിഞ്ഞു. ചുമതലയേക്കും മുന്‍പ് ഇത്തരം നയപരമാരായ കാര്യങ്ങളില്‍ സുധാകരന് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതിനെതിരെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ജംബോ കമ്മിറ്റികളില്‍ നിന്ന് മോചനത്തിന് മാനദണ്ഡം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതടക്കമുള്ള വിഷയങ്ങളില്‍ താരീഖ് അന്‍വര്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടും.