ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താനാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. പ്രയാസകരമായ സാഹചര്യത്തില്‍ ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ധന വിലവര്‍ധന ജനങ്ങള്‍ക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വര്‍ഷം 35000 കോടി രൂപ കോവിഡ് വാക്സിനായി ചെലവഴിക്കുകയാണ്. ഈ സാഹചര്യം ജനങ്ങൾ മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ബി.ജെ.പി. ഭരിക്കുന്നിടത്ത് മാത്രമല്ല വിലകൂടിയതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇന്ധനവില കൂട്ടിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും ധര്‍മേന്ദ്ര പ്രധാന് ആവശ്യപ്പെട്ടു. പാവപ്പെട്ടവരെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ആശങ്ക ഉണ്ടെങ്കില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ഇന്ധന നികുതി കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.