ന്യൂഡല്‍ഹി: രാജ്യത്ത് പലയിടത്തും വാക്സിന് ക്ഷാമം നേരിടുകയാണ്. തമിഴ്നാട് പോലുള്ല സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വാക്സിന് മതിയാകുന്നില്ല എന്ന് പലപ്പോഴും അറിയിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 83 ശതമാനത്തോളം വാക്സിൻ ഉപയോഗിക്കാതെ സൂക്ഷിക്കുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആശുപത്രികള്‍ക്ക് 1.29 കോടി ഡോസ് കൊവിഡ് വാക്സിന് അനുവദിച്ചിട്ടുണ്ട്.. എന്നാല്‍ അതില്‍ വെറും 22 ലക്ഷം ഡോസുകള്‍ മാത്രമാണ് ഇതു വരെയായും ആശുപത്രികള്‍ ഉപയോഗിച്ചിട്ടുള്ളത്. അതായത് അനുവദിച്ചതിൻ്റെ വെറും 17 ശതമാനം ഡോസുകള്‍ മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്കായി ഉപയോഗിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കും വാക്സിന് എടുക്കുന്നതില്‍ ജനങ്ങള്‍ക്കിടയിലെ മടിയുമാകാം വാക്സിന് ഉപയോഗം കുറയാനുള്ള കാരണമെന്നാണ് അധികൃതർ പറയുന്നത്. ഈ മാസം ഇറങ്ങിയ പത്രകുറിപ്പ് അനുസരിച്ച് 7.4 കോടി കൊവിഡ് ഡോസുകളാണ് രാജ്യമൊട്ടാകെ മേയ് മാസം വിതരണം ചെയ്തത്. അതില്‍ 1.85 കോടി ഡോസുകള്‍ രാജ്യത്തെ വിവിധ സ്വതാര്യ ആശുപത്രികളിലേക്കാണ് പോയത്.
സ്വകാര്യ ആശുപത്രികളില്‍ കൊവിഷീല്‍ഡിന് 780 രൂപയും റഷ്യയുടെ സ്പുട്നിക്ക് വാക്സിന് 1145 രൂപയും കൊവാക്സിന് 1410 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ പുതിയ വാക്സിന് നയം അനുസരിച്ച് സര്‍ക്കാര്‍ വാക്സിന് വിതരണ കേന്ദ്രങ്ങളില്‍ ഇവ സൗജന്യം ആയി ലഭിക്കും.