കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ വിമര്‍ശിച്ചതിന് സംവിധായക ആയിഷ സുല്‍ത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി ജെ പി. ലക്ഷദ്വീപിലെ 15 ബി.ജെ.പി. പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ലക്ഷദ്വീപ് ബി ജെ പി അധ്യക്ഷന്‍ സി.അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിയെ തുടര്‍ന്നാണ് ആയിഷയ്ക്ക് എതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്.
ബി.ജെ.പിയിലെ 12 നേതാക്കന്മാരും മൂന്ന് പ്രവര്‍ത്തകരും ഒപ്പിട്ട് പാര്‍ട്ടി അധ്യക്ഷന്‍ കൈമാറിയ രാജികത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ ജനദ്രോഹവും ജനാധിപത്യ വിരുദ്ധവുമാണെന്നും പറയുന്നു. അതോടൊപ്പം സംവിധായിക ആയിഷാ സുല്‍ത്താനയ്ക്ക് തങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും അറിയിച്ചു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റര്‍ കൊവിഡിനെ ബയോ വെപ്പണ്‍ ആയി ഉപയോഗിച്ചുവെന്ന ആയിഷ സുല്‍ത്താനയുടെ പ്രസ്താവനയാണ് അവരെ കുടുക്കിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പ്രവൃത്തികള്‍ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അതിനെതിരെ ശബ്ദമുയര്‍ത്തിയ ലക്ഷദ്വീപിലെ സഹോദരിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ പാര്‍ട്ടി ആധ്യക്ഷൻ്റെ നടപടി അംഗീകരിക്കുവാന്‍ സാധിക്കാത്തതാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ലക്ഷദ്വീപ് ബി ജെ പി സെക്രട്ടറി അബ്ദുള്‍ ഹമീദ് മുല്ലപ്പുഴ അടക്കമുള്ളവര്‍ ഒപ്പിട്ട രാജികത്താണ് അധ്യക്ഷന്‍ നൽകിയത്.