തിരുവനന്തപുരം : കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്രം പുതിയ മാർഗരേഖ പുറപ്പെടുവിച്ചു. ജനസംഖ്യ, രോഗവ്യാപനതോത്, വാക്സിനേഷൻ്റെ പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം സൗജന്യമായി വാക്സിൻ നല്‍കുക. ഈ മാസം 21 ന് മുൻപ് പുതിയ തീരുമാനം നടപ്പാക്കുമെന്നും സൗജന്യ വാക്സിന് വരുമാനം മാനദണ്ഡമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗരേഖയിൽ പറയുന്നു.
അതേസമയം വാക്സിൻ പാഴാക്കുന്നത് ഓരോ സംസ്ഥാനങ്ങളുടെയും വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കരുതെന്നും, സർക്കാർ – സ്വകാര്യ കേന്ദ്രങ്ങളിൽ ഓൺസൈറ്റ് രജിസ്ട്രേഷൻ അനുവദിക്കണമെന്നും പറയുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ,കോവിഡ് മുന്‍നിര പ്രവർത്തകർ, 45 വയസിന് മുകളിലുള്ളവർ, രണ്ടാം ഡോസ് ലഭിക്കേണ്ടവർ എന്നിവർക്കാണ് മുൻഗണന.