ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനാണ് 20000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപനം.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കയ്യിലെ ത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ സബ്സിഡികള്‍ എന്നിവയ്ക്കായി 8300 കോടിയും ലഭ്യമാക്കും.
കാര്‍ഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി. നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വാണിജ്യാടിസ്ഥാനത്തിലും വായ്പ നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കാര്‍ഷിക ഉല്പന്ന വിപണനത്തിന് ബജറ്റില്‍ 10 കോടി അനുവദിച്ചു. കാര്‍ഷിക ഉത്പന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.