പത്തനംതിട്ട: കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര് നിശാന്തിനി അറിയിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ പോലീസ് പരിശോധിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലക്കു തന്നെ വില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
അമിതവില ഈടാക്കുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നിയമ നടപടിയുണ്ടാകും. മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസില്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിഘട്ടത്തില്‍ കഴിയുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുംവിധവും ചൂഷണം ചെയ്യുന്ന തരത്തിലും പ്രവര്‍ത്തനങ്ങളുണ്ടായാല്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നിയമ നടപടി കൈകൊള്ളാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവും.