കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും കരുതലിന്റെ കരസ്പര്‍ശമായി നമ്മളെ പ്രചോദിപ്പിക്കുന്ന ചില പ്രതീക്ഷയുടെ തുരുത്തുകള്‍ ഉണ്ട്. അതിലൊന്നാണ് മാറാടി പുതുശ്ശേരി കുടിയില്‍ ബിജു അപ്പൂസ് എന്ന ഓട്ടോ ഡ്രൈവര്‍. കഴിഞ്ഞ ഒരു വര്ഷമായിഓട്ടോറിക്ഷയിലെ യാത്രക്കാര്‍ അധികവും കോവിഡ് രോഗികള്‍. ഇരുന്നൂറ്റി അന്‍പതില്‍ പരം കോവിഡ് രോഗികളെയാണ് ബിജുവിന്റെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പൊതു പരീക്ഷ എഴുതുന്നതിനും പഞ്ചായത്തിന് പുറത്തുള്ള സ്കുളിലേക്ക് ക്വാറന്റയിനില്‍ ഇരിക്കുന്ന കുട്ടികളെ എത്തിക്കുന്നതിനും തിരികെ വീട്ടില്‍ എത്തിച്ചു കൊടുക്കുന്നതിനും മുന്‍ നിരയിലായിരുന്നു. നാട്ടില്‍ എങ്ങും കോവിഡ് രണ്ടാം തരംഗം പടര്‍ന്ന് പിടിക്കുമ്പോഴാണ് കോവിഡ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് ബിജുവിന്റെ നന്മയുള്ള പ്രവര്‍ത്തനം.
ദിവസേന കോവിഡ് ടെസ്റ്റിന് വേണ്ടി പതിനഞ്ചിലധികം ആളുകളെ ആശുപത്രികളിലെത്തിക്കാറുണ്ട്. കോവിഡിന്റെ തുടക്കത്തില്‍ ഒരു കോവിഡ് രോഗിക്കുണ്ടായ നിസ്സഹായത കണ്ടറിഞ്ഞ നിമിഷം മുതല്‍ ഇന്നോളം ബിജു ഇതൊരു ജീവിത വ്രതമാക്കിയത്.
ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ പൂര്‍ണ്ണ സഹകരണത്തോടെ ബിജുവിന്റെ ഒട്ടോറിക്ഷയില്‍ യാത്രക്കാര്‍ക്കുള്ള പോലീസ് വകുപ്പ് തയ്യാറാക്കിയ മാതൃക സത്യവാങ്ങ് മൂലത്തിന്റെ പ്രിന്റ് ഔട്ട്, ഹോമിയോ പ്രതിരോധ മരുന്നുകള്‍, ഡിസ്പോസിബിള്‍ മാസ്ക്, ശരീരത്തിലെ ഓക്സിജന്‍ ലെവലും പള്‍സും പരിശോധിക്കുവാനുള്ള പള്‍സ് ഓക്സി മീറ്റര്‍, കോവിഡ് വാക്സിന് രജിസ്ട്രേഷന് ചെയ്യാനുള്ള സഹായം തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം അത്യാവശ്യമായി വീട്ടില്‍ സഹായിക്കാന്‍ ആളില്ലാത്തവര്‍ക്ക് മരുന്നും, ഭക്ഷണ സാധനങ്ങളും വേണ്ടിവന്നാല്‍ കടകളില്‍ നിന്നും വാങ്ങി വീട്ടിലെത്തിക്കും അതിന് ആവശ്യമായ തുക നല്കിയാല് മതി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാറാടി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഈസ്റ്റ് മാറാടി സ്കൂളിന്റെയും, മാറാടിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും, ആട്ടോറിക്ഷ തൊഴിലാളികളുടെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്ന്ബിജു പറഞ്ഞു.