അസമിലും ബംഗാളിലിലും ബിഹാറിലുമടക്കം യാത്രക്കാരുമായി പോയി തിരികെ വരാന്‍ കഴിയാതെ കുടുങ്ങി വാഹനങ്ങള്‍. ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായി ദിവസങ്ങള്‍ തള്ളി നീക്കുന്നത് രണ്ടായിരത്തിലധികം ഡ്രൈവര്‍മാര്‍. സംസ്ഥാനത്ത് നിന്നും അന്യ സംസ്ഥാന തൊഴിലാളികളുമായി പോയി തിരികെ ഓട്ടം പ്രതീക്ഷിച്ച് കാത്തുനിന്നവര്‍ക്ക് തിരിച്ചടിയായത് ട്രിപ്പിള്‍ ലോക്ഡൗണ്‍.
അസമില്‍ മാത്രം 170 ഓളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നിന്നും അന്യ സംസ്ഥാന തൊഴിലാളികളുമായി അവരുടെ നാട്ടില്‍ എത്തിച്ച ശേഷം അവിടെ നിന്ന് യാത്രക്കാരുമായി തിരികെ നാട്ടിലേക്ക് വരാമെന്നായിരുന്നു വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടെയും പ്രതീക്ഷ. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതോടെ തിരികെ യാത്രക്കാരില്ലാതെ വന്നത് തിരിച്ചടിയായി.
ഇത്രയും ദൂരം യാത്രക്കാരില്ലാതെ തിരികെ വന്നാല്‍ വലിയ ഡീസല്‍ ചെലവ് വരുമെന്നതിനാലും കാലിയായി സഞ്ചരിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നതിനാല്‍ നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ തിരികെ വരാന്‍ താത്പര്യം കാണിക്കുന്നില്ല. ലോക് ഡൗണ്‍ തീരുന്ന മുറയ്ക്ക് യാത്രക്കാരുമായി എത്തിയാല്‍ നഷ്ടം ഒഴിവാക്കാനാകുമെന്നാണ് ഡ്രൈവര്‍മാര്‍ നല്കുന്ന വിവരം.
അതേസമയം ഇക്കൂട്ടത്തില്‍ സ്പെഷ്യല്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ വാഹനങ്ങളും ഉണ്ട്. കോവിഡ് പ്രതിസന്ധിയില്‍ മതിയായ താമസ സൗകര്യമില്ലാതെയും ആവശ്യത്തിന് ഭക്ഷണമില്ലാതെയും എന്ത് ചെയ്യണമെന്നറിയാതെ നിസഹായാവസ്ഥയില്‍ ദിവസങ്ങളായി ദുരിതമനുഭവിക്കുകയാണ് ഈ വാഹനങ്ങളിലെ ജീവനക്കാര്‍.