കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ സിപിഎം വോട്ടുകള്‍ മാണി സി കാപ്പന് ലഭിച്ചെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും എംപിയുമായ തോമസ് ചാഴിക്കാടന്. പ്രാദേശിക തലത്തില്‍ സിപിഎമ്മുമായി യോജിച്ചു പോകാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ തോല്‍വിക്ക് കാരണം സിപിഎമ്മാണെന്ന വിലയിരുത്തലിലാണ് കേരള കോണ്‍ഗ്രസ്. തോല്‍വിക്ക് പിന്നാലെ പാലാ രാഷ്ട്രീയം വീണ്ടും പ്രഷുബ്ദമാവുകയാണ്.
ജോസ് കെ മാണിയെ ഉള്‍ക്കൊള്ളാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏഴ് പഞ്ചായത്തുകളില്‍ സ്വാധീനമുണ്ടായിരുന്നിട്ടും ബിജെപി പഞ്ചായത്തായ മുത്തോലയില് മാത്രമാണ് ജോസിന് വോട്ടുയര്‍ത്താന്‍ സാധിച്ചത്. എന്തുകൊണ്ട് ഇത്തരം ഒരു പ്രതിസന്ധിയുണ്ടായെന്ന് ഇരു പാര്‍ട്ടികളും വിലയിരുത്തണം. വിഷയത്തില്‍ വിശദമായ പരിശോധന നടത്തണമെന്നും ചാഴിക്കാടന് ആവശ്യപ്പെട്ടു.
അതേസമയം പാലായില്‍ സിപിഎമ്മിന്റേത് മാത്രമല്ല, കേരള കോണ്‍ഗ്രസിന്റെ വോട്ടിലും ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. ജോസ് കെ മാണിക്കെതിരെയുള്ള എതിര്‍പ്പ് പ്രധാന ഘടകമായി മാറിയോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഐഎമ്മും കേരള കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മണ്ഡലത്തില്‍ പ്രകടമായിരുന്നു. പാലാ നഗരസഭയില്‍ സിപിഎം- കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ അവസാനിച്ചിരുന്നു. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുകയും സിപിഎം അംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജോസ് കെ മാണി കൂറുമാറിയതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം പാലാ നഗരസഭാ ഭരണം ഇടതിന്റെ കൈകളിലെത്തുകയായിരുന്നു.