കൊവിഡ് വ്യാപന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. മെയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുമുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് നിയന്ത്രണം. റിട്ടേണിംഗ് ഓഫീസറില്‍ നിന്ന് തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെയോ അവരുടെ പ്രതിനിധിയെയോ അനുഗമിക്കാന്‍ രണ്ടില്‍ കൂടുതല്‍ പേര് പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി കൊവിഡ്-19 രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ വന്‍ ജനാവലിയെ ഉള്‍പ്പെടുത്തികൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്‍കിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതേനയം തുടരുകയാണെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘കൊവിഡ്-19 രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നിങ്ങളുടെ പേരില്‍ കൊലക്കുറ്റം ചുമത്തേണ്ടതാണ്.’ മദ്രാസ് ഹൈക്കോടതി പറഞ്ഞു.